എനിക്ക് തോന്നിയത് കുറിക്കുന്നു ശമിക്കണം.
ഒരു സ്ത്രീയും അമ്മയും തമ്മിൽ പറയാനാവാത്ത അന്തരമുണ്ട്. മാതൃത്വം ഒരു കടമയായി കരുതരുത്. അങ്ങനെ ചിന്തിക്കുന്നദിവസം ഒരമ്മയിൽനിന്ന് എന്തോ ചിലത് മരിച്ചുപോകുകയാണ്. എന്തോ അതിരറ്റത് മാഞ്ഞുപോകുകയാണ്.
ബന്ധം തകർന്നുപോകുകയാണ്. അസ്തിത്വം അമ്മയ്ക്കുനൽകിയ ഏറ്റവുംവലിയ സമ്മാനമത്രെ ഓരോ ശിശുവും. അതുകൊണ്ട്, കുഞ്ഞിനുനേരേ ആദരവുകാട്ടുക. ആദരവില്ലെങ്കിൽ സ്നേഹം ഉടമസ്ഥതയായി മാറ്റുന്നു.
ഒരാൾ ആദരിക്കുന്ന ഒരാളെ അയാൾക്ക് സ്വന്തമാക്കാനാവില്ല. ഒരാളെ സ്വന്തമാക്കുകയെന്നത് അയാളെ ഒരു വസ്തുവാക്കി ചുരുക്കുകയാണ്. എത്രയോ അമ്മമാർ ഞങ്ങൾ കുഞ്ഞുങ്ങൾക്കുവേണ്ടി എന്തൊക്കെയോ ചെയ്തുവെന്ന് പറയുന്നതുകേൾക്കാം. ഒരു യഥാർഥ അമ്മ താൻ ചെയ്തതിനെപ്പറ്റി ഒരിക്കലും ഒരക്ഷരം പറയില്ല. താനെന്തോചിലത് ചെയ്തുവെന്ന് അവൾക്കൊരിക്കലും തോന്നില്ല. അവളതിൽ ആനന്ദഭരിതയാണ്, കൃതജ്ഞതയുള്ളവളാണ്.
കുഞ്ഞുങ്ങളിൽ അമ്മയുടെ, അച്ഛന്റെ വികാരം പച്ചപിടിച്ചു നിൽക്കുന്നു!. ഒരമ്മ കുഞ്ഞുങ്ങൾക്കുനൽകിയ ഭൗതികവസ്തുക്കളുടെപേരിൽ അവർ അമ്മയെ ഒാർക്കില്ല. മറിച്ച്, ഒരമ്മ അവരിൽ വാരിക്കോരിയൊഴുക്കിയ വികാരങ്ങളിൽ അവർ അമ്മയെ ഓർക്കുന്നു.
അമ്മയും കുട്ടിയും തമ്മിലുള്ള ബന്ധം ഉപാധികളുള്ളതായി മാറുമ്പോൾ, കാരണമുള്ളതായി മാറുമ്പോൾ, അതിരുകളുള്ളതായി മാറുമ്പോൾ അമ്മയെക്കാൾ ഒരു നായ വലുതായിത്തീരുന്നു! ഇവനെന്റെയാണ്. ഇവനെ വളർത്തിയാൽ ഭാവിയിൽ ഇവൻ എന്നെ നോക്കും, രക്ഷിക്കും എന്ന ചിന്തയോടെ ഒരമ്മ കുഞ്ഞിനെ വളർത്തുമ്പോൾ അതു സ്നേഹമല്ല!
ഈശ്വരൻ എനിക്കീ കുഞ്ഞിനെ പോറ്റിവളർത്താനായി കുറച്ചുകാലത്തേക്ക് തന്നിരിക്കുന്നു. എന്റെ ആ പണി കഴിഞ്ഞാൽ അവനെ അവന്റെ വഴിക്കുപോകാൻ സന്തോഷത്തോടെ ഞാൻ അനുവദിക്കുന്നു... നീ നിന്റെയൊരു ലോകത്തേക്കു പോകുമ്പോൾ, കുഞ്ഞേ നിനക്ക് സർവമംഗളങ്ങളും ഞാനാശംസിക്കുകയാണ് എന്ന് ഹൃദയത്തിൽ തോന്നുമ്പോൾ ഒരമ്മ ലോകത്തിലെല്ലാറ്റിലും വലുതാണ് ആകാശത്തെ ക്കാൾ, ഭൂമിയെക്കാൾ അതിരറ്റവൾ!...
സ്നേഹമില്ലാത്ത വെറുമൊരു പാർപ്പിടം മാത്രമായി വീട് മാറുമ്പോഴാണ് വീട് വിട്ടുപോകേണ്ട ഒരിടമായി കുട്ടികൾക്കു തോന്നുന്നത്. അതിരുകളില്ലാത്ത സ്നേഹം ഇളംപ്രായത്തിൽ അമ്മയിൽനിന്നും അച്ഛനിൽനിന്നും കിട്ടാത്ത കുട്ടിക്ക് പിന്നീട് എത്രയധികം സ്നേഹം കിട്ടിയാലും കുട്ടിയായിരിക്കുമ്പോൾ കിട്ടേണ്ട സ്നേഹപോഷകത്തിന്റെ കുറവ് അവന്റെ / അവളുടെ ജീവിതത്തിലുടനീളം ആരോഗ്യകരമായ ബന്ധങ്ങൾക്ക് ഒരു മങ്ങലേൽപ്പിക്കുന്നു.
നിങ്ങൾ മാതാവോ പിതാവോ ആണെങ്കിൽ നിഗൂഢതയുടെ വാതിലുകൾ കുഞ്ഞുങ്ങൾക്കായി തുറന്നുകൊടുക്കുക. അറിയാത്തതിനെക്കുറിച്ച് അവനെ ഭയപ്പെടുത്താതിരിക്കുക. സഹായിക്കുക മാത്രമാണ് നിങ്ങളുടെ ജോലി. ആരും നിങ്ങളുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കാനായി വന്നവരല്ല. “ഓരോരുത്തനും അവന്റെതായ ഒരു വിധിയും യാഥാർഥ്യവുമുണ്ട്”
മാതൃ, പിതൃസ്നേഹത്തിന്റെ അതുല്യമായ അനുഭവങ്ങൾ ഇക്കാലത്തുപോലും ഒട്ടും കുറവല്ല.
അഷ്‌ഫാക്ക് അഷ്‌റഫ്
0 Comments